07:55am 11 November 2026
NEWS
ബുള്ളറ്റ് ലേഡി നിഖില വീണ്ടും അറസ്റ്റിൽ
09/09/2025  07:07 PM IST
nila
ബുള്ളറ്റ് ലേഡി നിഖില വീണ്ടും അറസ്റ്റിൽ

ലഹരിമരുന്ന് കച്ചവടം നടത്തിയതിന് കണ്ടങ്കാളി മുല്ലക്കോട് സി.നിഖില വീണ്ടും അറസ്റ്റിൽ. ബെം​ഗളുരുവിൽ നിന്നാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന മുപ്പതുകാരിയായ നിഖിലയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. 

ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് നിഖിലയെ എക്സൈസ് സംഘം പിടികൂടിയത്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ലഹരി മരുന്ന് വിൽപ്പന നടത്തിയതിന് ഒരു യുവതിയെ കരുതൽ തടങ്കലിലാക്കുന്നത്. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലിൽ വയ്ക്കാം. 

ലഹരിക്കേസിൽ നിരവധി തവണ നിഖില പിടിയിലായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,‘ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. 

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ലഹരിമരുന്നു വിൽപനയിലേക്ക്  തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേരള പൊലീസിന്റെയും ബെംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷും സംഘവുമാണ് ഒളിവിൽ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img